..::കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ::...
 

തെറ്റുധാരണകള്‍ തിരുത്തി 'ദിശ- 2006'

എന്‍.എ. മുഹമ്മദ്

'ഇസ്ലാംമതം എല്ലാവര്‍ക്കും പരിചയപ്പെടാന്‍ അവസരം ഉണ്ടാകണം. ഏറെ പേര്‍ക്കും അപരിചിതമായ ഒട്ടേറെ ജീവിതരഹസ്യങ്ങള്‍ അതിലുണ്ട്. ഈ എക്സിബിഷന്‍ ആ രംഗത്ത് പുതിയ ചുവടുവെപ്പാണ്'
ഡയലോഗ് സെന്റര്‍ കേരള കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഒരുക്കിയ 'ദിശ-2006 ഇസ്ലാമിക് കള്‍ച്ചറല്‍ എക്സിബിഷന്‍' സന്ദര്‍ശിച്ച ശേഷം വര്‍ക്കല ശിവഗിരി മഠത്തിലെ സ്വാമി അസ്പര്‍ശാനന്ദ കുറിച്ച വാക്കുകള്‍.
ഇസ്ലാമിനെക്കുറിച്ച് അജ്ഞരായ ധാരാളമാളുകളുടെ തെറ്റുധാരണകള്‍ നീക്കാന്‍ 'ദിശ' സഹായകമായെന്ന് നിസ്സംശയം പറയാം. എക്സിബിഷന്‍ നഗരിയിലൂടെ കയറിയിറങ്ങിയ ആയിരങ്ങള്‍ കുറിച്ചിട്ട വരികള്‍തന്നെ അതിന് തെളിവ്.
വസ്തുനിഷ്ഠമായ അറിവിന്റെ അഭാവത്തില്‍ മനസ്സിലുറച്ച അബദ്ധധാരണകള്‍ തിരുത്തി തിരിച്ചറിവിലേക്കുള്ള ദിശാസൂചിയാവാന്‍ 'ദിശ' ഉപകരിച്ചുവെന്ന് നിരവധി ആളുകളുടെ അഭിപ്രായങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തിന്റെയും ജനതയുടെയും ആരോഗ്യകരമായ നിലനില്‍പിന് പരസ്പര സ്നേഹവും സഹകരണവും സഹിഷ്ണുതയും അനിവാര്യമാണെന്നും തെറ്റുധാരണകള്‍ ദൂരീകരിച്ചാല്‍ മാത്രമേ അത് സാധ്യമാവൂ എന്നും പലരും ചൂണ്ടിക്കാട്ടി.
ഭൂമിയുടെ ഉത്ഭവം, മനുഷ്യ സൃഷ്ടിപ്പ്, പ്രപഞ്ചം, മതവും ശാസ്ത്രവും, ദൈവം, പരലോകം, പ്രവാചകന്മാര്‍.... തുടങ്ങി കാഴ്ചയുടെയും അറിവിന്റെയും വിരുന്നായിരുന്നു 'ദിശ'. ഹിരോഷിമ മുതല്‍ ഇറാഖ് വരെ നീളുന്ന സാമ്രാജ്യത്വ ഭീകരതയുടെയും മുത്തങ്ങ മുതല്‍ അബൂഗുറൈബ് വരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെയും സ്ഥിതിവിവര കണക്കുകള്‍ 'ദിശ'യിലെ സ്റാളുകളില്‍ അണിനിരന്നു.
ആഗോളവത്കരണം സൃഷ്ടിച്ച ഉപഭോക്തൃ ജീവിതശൈലി കേരളത്തിലെ ഗൃഹാന്തരീക്ഷത്തെ തകര്‍ത്തെറിയുന്നതിന്റെ ആവിഷ്കാരമായിരുന്നു 'പലിശദുരന്തം' എന്ന സ്റാളിലെ നീരാളിപ്പിടിത്തത്തിലമര്‍ന്ന ഒരു കുടുംബത്തിന്റെ നിശ്ചലദൃശ്യം. കേരളത്തില്‍ പലിശക്കുരുക്കില്‍പെട്ട് മരിച്ചവര്‍, നാടുവിട്ടവര്‍, വീട് നഷ്ടപ്പെട്ടവര്‍, മനോരോഗത്തിനടിപ്പെട്ടവര്‍, അനാഥമായ കുടുംബങ്ങള്‍... തുടങ്ങി നടുക്കുന്ന കണക്കുകളും രേഖപ്പെടുത്തിയിരുന്നു.
'ഭ്രൂണഹത്യ' എന്ന സ്റാളിലെ നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രം ഭ്രൂണഹത്യയുടെ കരള്‍ പിളര്‍ക്കും കാഴ്ചയാണ് പകര്‍ന്നത്. ഗര്‍ഭപാത്രത്തിനുള്ളില്‍ പ്രത്യേക കത്തി ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ തലയും കൈകാലുകളും അറുത്തുമാറ്റുന്നതും നെഞ്ചു പിളര്‍ക്കുന്ന ദാരുണ ദൃശ്യങ്ങളാണ്.
വിവിധ ലോക ഭാഷകളിലും ഇന്ത്യന്‍ ഭാഷകളിലുമുള്ള ഖുര്‍ആന്‍ പരിഭാഷകളാണ് 'ദിശ'യുടെ മറ്റൊരു അപൂര്‍വത. പ്രവാചകന്മാരെക്കുറിച്ച് തയാറാക്കിയ ചാര്‍ട്ട് ഏറെ വിജ്ഞാനപ്രദമായി. 25 പ്രവാചകന്മാരുടെ പേരും അവര്‍ ജീവിച്ചിരുന്ന കാലവുമടക്കം വിശദമായ ചാര്‍ട്ടര്‍.
ദൈവം ഏകന്‍, ദൈവവും മനുഷ്യനും, മുഹമ്മദ് നബി, മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനം, സൌരയൂഥം... തുടങ്ങി 35 സ്റാളുകളിലാണ് പ്രദര്‍ശനം ഒരുക്കിയത്. അഞ്ചു ദിവസങ്ങളിലായി നടന്ന പ്രദര്‍ശനം അയ്യായിരത്തിലേറെ പേര്‍ സന്ദര്‍ശിച്ചു. 1100 പേര്‍ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി. എക്സിബിഷനോടനുബന്ധിച്ച് എല്ലാ ദിവസവും സാംസ്കാരിക സായാഹ്നവും ഒരുക്കിയിരുന്നു. റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റിസ് കെ.ടി. തോമസ് എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ഡയലോഗ് സെന്റര്‍ സെക്രട്ടറി എന്‍.എം. അബ്ദുര്‍റഹ്മാന്‍ അധ്യക്ഷനായിരുന്നു. ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ ടി. ആരിഫലി മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തോമസ് കുന്നപ്പള്ളി, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജോമോന്‍ തോമസ്, കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജേക്കബ് കുര്യന്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് വി.എച്ച്. അലിയാര്‍ മൌലവി അല്‍ഖാസിമി, എന്‍.എസ്.എസ് മുഖപത്രമായ സര്‍വീസ് ദ്വൈവാരിക എഡിറ്റര്‍ പ്രഫ. ഹരീന്ദ്രനാഥ കുറുപ്പ്, ദലിത് ഐക്യസമിതി സംസ്ഥാന കണ്‍വീനര്‍ കെ.എം. സലീം കുമാര്‍ ആശംസ നേര്‍ന്നു.
'സാമ്രാജ്യത്വ അജണ്ടയും ഭീകരവാദവും' എന്ന വിഷയത്തില്‍ രണ്ടാം ദിവസം നടന്ന സിമ്പോസിയം ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചനാ സമിതിയംഗം യൂസുഫ് ഉമരി നിയന്ത്രിച്ചു. സോളിഡാരിറ്റി സംസ്ഥാനസമിതിയംഗം ടി.കെ. ഫാറൂഖ് വിഷയമവതിരിപ്പിച്ചു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കെ. ജയപ്രസാദ്, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് യു.എന്‍. വാസവന്‍, വീക്ഷണം മാനേജിംഗ് എഡിറ്റര്‍ എ.സി. ജോസ്, ശൈഖ് മുഹമ്മദ് കാരകുന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു.
മൂന്നാം ദിവസം 'വിദ്യാഭ്യാസവും ധാര്‍മികതയും' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചാസമ്മേളനം മന്ത്രി ഇ.ടി. മുഹമ്മദ് ബശീര്‍ ഉദ്ഘാടനം ചെയ്തു. ചേന്ദമംഗല്ലൂര്‍ ഇസ്വ്ലാഹിയാ കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ. കെ.പി. കമാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി എ. മുഹമ്മദലി വിഷയമവതരിപ്പിച്ചു. എസ്.എഫ്.ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.കെ. ബിജു, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ഡീന്‍ ജോസഫ്, എ.ബി.വി.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. രാജേഷ്, എ.ഐ.ഡി.എസ്.ഒ സംസ്ഥാന പ്രസിഡന്റ് ഷാജിര്‍ ഖാന്‍, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ആര്‍. ബിജു, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ് പങ്കെടുത്തു.
നാലാം ദിവസം നടന്ന സ്നേഹസംവാദത്തില്‍ 'മതം, മനുഷ്യന്‍, ജീവിതവീക്ഷണം' എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. ജമാഅത്തെ ഇസ്ലാമി ഇടുക്കി ജില്ലാ പ്രസിഡന്റ് നാസര്‍ ചെറുകര അധ്യക്ഷത വഹിച്ചു. ലൂര്‍ദ് ഫൊറോന പള്ളി വികാരി ഫാ. ഡോ. മാണി പുതിയിടം, വര്‍ക്കല ശിവഗിരി മഠത്തിലെ സ്വാമി അസ്പര്‍ശാനന്ദ, ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം ജമാല്‍ മങ്കട പങ്കെടുത്തു.
സമാപനസമ്മേളനം പി.സി. ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാധ്യമം പത്രാധിപര്‍ ഒ. അബ്ദുര്‍റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ മന്ത്രി അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍, കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജോസ് കണ്ണമ്പുഴ പ്രസംഗിച്ചു. ജമാഅത്തെ ഇസ്ലാമി കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ അധ്യക്ഷനായിരുന്നു.


 
 

© www.dishaislamonline.net