..::കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ::...
 

സ്ത്രീയും പുരുഷനും ഒരുമിച്ച് നിന്നാലെ സമൂഹ പുനഃസൃഷ്ടി സഫലമാകൂ
November 5, 2009 | Thrissur Shakthan Thampuran Nagar

തൃശൂർ: സാമൂഹിക ഉയര്‍ച്ചക്ക് സ്ത്രീയും പുരുഷനും ഒരുമിച്ച് നില്‍ക്കണമെന്നും എങ്കിലേ സമൂഹ പുനഃസൃഷ്ടി സാധ്യമാവുകയുളളൂ എന്നും സമൂഹ സംവിധാനത്തില്‍ സ്ത്രീയുടെ സ്ഥാനം എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ദിശ ഇസ്‌ലാമിക് എക്‌സിബിഷന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ പാര്‍വ്വതി പവനന്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് സമൂഹത്തില്‍ സ്ത്രീ അനുഭവിക്കുന്ന അധ:സ്ഥിതാവസ്ഥക്കു കാരണം സ്ത്രീ തന്നെയാണെന്ന് അവര്‍ പറഞ്ഞു. അപലയെന്ന് സ്വയം മുദ്രകുത്തി ആഡംഭരവും കണ്ണീര്‍ സീരിയലുകളുമായി കഴിയുന്ന സ്ത്രീ തന്റെ കഴിവും തിരിച്ചറിഞ്ഞേ പറ്റൂ. കുടുംബത്തിന്റെ ഏറ്റവും നല്ല മാനേജര്‍ സ്ത്രീയാണെന്നും സ്ത്രീകള്‍ നന്നാവാന്‍ സ്ത്രീകള്‍ തന്നെ ശ്രമിക്കണമെന്നും സൗന്ദര്യമത്സരങ്ങള്‍ സമൂഹത്തിന് ഗുണം ചെയ്യില്ലായെന്നും പാര്‍വതി പവനന്‍ പറഞ്ഞു.

ജനപ്രിയ സിനിമകളും മീഡിയയും സ്ത്രീയെ അപലയായി മുദ്ര കുത്തുന്നു. രാഷ്ട്രീയ മേഖലയെടുത്താല്‍ സ്ത്രീയുടെ അനുപാതം പ്രബുദ്ധ കേരളത്തിന് അപമാനമാണ്. സുരക്ഷിതത്വമാണ് സ്ത്രീ തേടുന്ന പ്രഥമ ആവശ്യം. ഇത് സ്ത്രീയുടെ മാത്രമല്ല സമൂഹത്തിന്റെ മൊത്തം ആവശ്യകതയാണ്. സ്രാഷ്ടാവ് നല്‍കിയ സ്വാതന്ത്ര്യം എഴുത്തിലൂടെ, പ്രസംഗത്തിലൂടെ, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ അശ്ലീലതക്കും അധാര്‍മ്മികതക്കുമെതിരെ പ്രതികരിച്ചാല്‍ മാത്രമേ സമൂഹ സംവിധാനത്തില്‍ സ്ത്രീക്ക് തന്റെ പങ്കുവഹിക്കാന്‍ കഴിയൂ എന്ന് വിഷയമവതരിപ്പിച്ചുകൊണ്ട് പത്തിരിപ്പാല മൗണ്ട്‌സീന പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റസിയ ചാലക്കല്‍ പറഞ്ഞു.

മുസ്ലിം സ്ത്രീ ഇന്ന് സമൂഹത്തില്‍ ഒരനിഷേധ്യ സാന്നിധ്യമാണ്. ഓരോ സ്ത്രീക്കും വ്യത്യസ്ഥ കഴിവുകളാണ്. ഒരാക്ടിവിസ്റ്റാകാനുളളവളാണെങ്കില്‍ അവരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം തടയാതെ ജീവിതം സമൂഹത്തിന് ഉപയുക്തമാക്കാന്‍ അവളെ പ്രാപ്തയാക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയുമാണെന്ന് സെമിനാറില്‍ പങ്കെടുത്തുകൊണ്ട് ഡോ. സിസ്റ്റര്‍ ജെസ്മി അഭിപ്രായപ്പെട്ടു.

അഡ്വ. ആർ‍. കെ. ആശ, മീനാക്ഷി തമ്പാന്‍, നസീമ ടീച്ചർ‍, ചെങ്ങറ ഐക്യദാര്‍ഢ്യ സമിതി സെക്രട്ടറി സലീന പ്രക്കാനം എന്നിവര്‍ സംസാരിച്ചു. സഫിയ ശറഫിയ്യ മോഡറേറ്ററായിരുന്നു. അസൂറ അലി സ്വാഗതവും സജ്‌ന നന്ദിയും പറഞ്ഞു.

 

സൂഫി ഗസലും ഖവാലിയും നവ്യാനുഭവമായി.

November 4, 2009 | Thrissur Shakthan Thampuran Nagar

തൃശ്ശൂർ‍: പ്രണയ തീഷ്ണത ദൈവത്തോടും പ്രവാചകനോടുമാണെന്നും ഉദ്‌ഘോഷിക്കുന്ന സൂഫി ഗസലും ഖവാലിയും സാംസ്‌കാരിക നഗരത്തിന് പുതിയ അനുഭവമായി. ദിശ ഇസ്‌ലാമിക് എക്‌സിബിഷനോടനുബന്ധിച്ച് സംഘടിപ്പിച്ച കലാസന്ധ്യയില്‍ യുവ ഗായകന്മാരായ സമീര്‍ ബിന്‍സിയും ഇമാം അസീസും (മലപ്പുറം)സംഘവുമാണ് സൂഫി ഗസലിന്റെയും ഖവാലിയുടെയും മാധുര്യം വിളമ്പിയത്. പ്രശസ്ത ഗായകരായ നുസ്രത്ത് ഫത്തേഹ് അലി ഖാന്‍, ആബിദ പര്‍വീന്‍, ഗുലാം അലി എന്നിവര്‍ ആലപിച്ച ഗസലുകളും ഖവാലികളുമാണ് അവതരിപ്പിച്ചത്. അമീര്‍ ഖുസ്‌റു, ഗാലിബ്, അല്ലാമാ ഇഖ്ബാൽ‍, കമലാ സുരയ്യ, എന്നിവരുടെ വരികളാണ് ആലപിച്ചത്.

ഹംസ ഹര്‍ഷ്, അക്ബര്‍ മുഹമ്മദി, മജീദ് റയാന്‍, അസ്‌ലം, സുധാമണി എന്നിവര്‍ പശ്ചാത്തലം ഒരുക്കി. കുറ്റിയാടി ഇസ്‌ലാമിയാ കോളേജ് എസ് ഐ ഒ സംവേദന വേദി ‘വോയേജ്’ എന്ന നാടകമവതരിപ്പിച്ചു. ഡയലോഗ് സെന്റര്‍ കേരള ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ജില്ലാസമിതിയംഗം എ. എ. ആദം സ്വാഗതവും സോളിഡാരിറ്റി ജില്ലാസമിതിയംഗം പി. എ ഷെരീഫ് നന്ദിയും പറഞ്ഞു.


‘ഇന്ത്യൻ രാഷ്ട്രീയം: പ്രശ്‌നങ്ങള്‍ സമീപനങ്ങൾ‍‘ സംവാദം ശ്രദ്ധേയമായി

November 3, 2009 | Thrissur Shakthan Thampuran Nagar

തൃശൂർ‍: ദിശ ഇസ്‌ലാമിക് എക്‌സിബിഷന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്‍ഡ്യന്‍ രാഷ്ട്രീയം പ്രശ്‌നങ്ങള്‍ സമീപനങ്ങള്‍ സംവാദം ചൂടേറിയ ചര്‍ച്ച കൊണ്ട് ശ്രദ്ധേയമായി. ഇന്നത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തപ്പെട്ട സംവാദത്തില്‍ സംസ്ഥാനത്തെ ആനുകാലിക സാമൂഹികാവസ്ഥയെയും ചര്‍ച്ച ചെയ്യപ്പെട്ടു. ജ. പി. കെ. ശംസുദ്ധീന്‍ സംവാദം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സാമൂഹിക ജീവിതത്തില്‍ അഴിമതി കുമിഞ്ഞുകൂടിയെന്നും പൊതു സമൂഹത്തില്‍ ജീര്‍ണതകള്‍ നിറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേതാക്കള്‍ അഴിമതിയിലൂടെ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ച കോടികളെക്കുറിച്ച് വ്യക്തമായ കണക്കില്ല. ഇതിനുവേണ്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയും ശ്രമിക്കുന്നില്ല. മൂല്യവത്തായ തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അഴിമതി മുക്തമായ സാമൂഹിക ക്രമം കെട്ടിപ്പടുക്കാനാവില്ല. സ്വാര്‍ഥ താത്പര്യത്തിനുവേണ്ടി രാഷ്ട്രീയക്കാര്‍ മതങ്ങളെ റാഞ്ചിയതുകൊണ്ടാണ് മതത്തിന്റെ പേരില്‍ ഇന്ന് സംഘട്ടനങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോര്‍പ്പറേറ്റുകള്‍ നമ്മുടെ രാഷ്ട്രീയ മേഖലയില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ അളവ് അനുനിമിഷം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഒരു രാഷ്ട്രീയ കക്ഷിയും ഈയൊരു യാഥാർത്ഥ്യത്തെ നിഷേധിക്കില്ല. തെരഞ്ഞെടുപ്പുകള്‍ പണക്കൊഴുപ്പിന്റെ ഗോധയായി. ജനാധിപത്യത്തിന്റെ അടിത്തറയായ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പാര്‍ലമെന്റ് വേദിയാകാത്തതിന്റെ കാരണങ്ങള്‍ കിടക്കുന്നത് ഇത്തരം ഇടങ്ങളിലാണ്. കോര്‍പ്പറേറ്റുകളുടെ ഇഷ്ടക്കാരാകാന്‍ കക്ഷികളും നേതാക്കളും കൊതിക്കുന്നു. തെറ്റുതിരുത്തല്‍ രേഖകള്‍ പ്രസിദ്ധീകരിക്കുന്നു എന്നതുകൊണ്ട് മാത്രം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി കുറ്റവിമുക്തമാവുന്നില്ല. ആഗോളീകരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ ജനങ്ങള്‍ അധികാരവൃത്തത്തില്‍ നിന്ന് പുറംതളളപ്പെടുകയാണ്. ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളില്‍ ഭൂരിഭാഗവും വര്‍ത്തമാനകാല രാഷ്ട്രീയ നേതൃത്വത്തില്‍ അവിശ്വസിക്കുകയും തങ്ങളുടെ പൗരത്വത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച് സംശയിക്കുകയും ചെയ്യുന്നു. മുഴുവന്‍ മനുഷ്യരുടെയും വളര്‍ച്ചക്ക് പ്രയോജനപ്പെടുത്തുവാന്‍ കഴിവുളള രാഷ്ട്രീയ സംസ്‌കാരം വളര്‍ന്നുവരണം. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ആന്തരികവും ബാഹ്യവുമായ മുഴുവന്‍ ശക്തികള്‍ക്കുമെതിരെ ജനതയെ അണിനിരത്താന്‍ കഴിയുന്ന രാഷ്ട്രീയമായിരിക്കുമത്. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി പി. ഐ. നൗഷാദ് പ്രമയാവതരണത്തില്‍ പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതിയംഗം കൂട്ടില്‍ മുഹമ്മദലി മോഡറേറ്ററായിരുന്നു. പ്രൊഫ. എം. എം. നാരായണന്‍, പി. ജെ. ജെയിംസ്, കെ. കെ. കൊച്ച് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ കെ. എ. സദറുദ്ദീന്‍ സ്വാഗതവും കെ. എം. ഷാജു നന്ദിയും പറഞ്ഞു.


അടിസ്ഥാന ജനതക്ക് തുല്യ നീതി അന്യം: സെമിനാര്‍

November 2, 2009 | Thrissur Shakthan Thampuran Nagar

തൃശൂർ‍: ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനങ്ങള്‍ സാമൂഹ്യ നീതി ഉയര്‍ത്തിപ്പിടിക്കുന്നതാണെങ്കിലും ആറു പതിറ്റാണ്ടുകള്‍ക്കു ശേഷവും അടിസ്ഥാന ജനതക്ക് തുല്യ നീതി അന്യമാകുന്നുവെന്ന് നിയമ സെമിനാര്‍ അഭിപ്രായപ്പെട്ടു. ദിശ എക്‌സിബിഷനോടനുബന്ധിച്ച് ‘നീതി, സ്വാതന്ത്രൃം, പൌരാവകാശങ്ങള്‍ നമ്മുടെ നിയമ സംവിധാനത്തിൽ’ എന്ന തലക്കെട്ടില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തു സംസാരിച്ചവരാണ് ഈ വീക്ഷണം സമര്‍പ്പിച്ചത്. മാധ്യമം എഡിറ്റര്‍ ഒ.അബ്ദുൽ റഹ് മാന്‍ സെമിനാര്‍ ഉല്‍ഘാടനം ചെയ്തു. ഭരണഘടനയില്‍ രേഖപ്പെടുത്തിയതുകൊണ്ടുമാത്രം ആരോഗ്യകരമായ ജനാധിപത്യം നിലവില്‍ വരികയില്ല. പാര്‍ലമെന്റില്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ 300 പേരും കോടീശ്വരന്മരാണ്. 153 പേര്‍ ക്രിമിനലുകളും ഇവര്‍ സധാരണക്കാര്‍ക്കുവേണ്ടി എന്തു നീതിയാണു നിര്‍മ്മിക്കുകയെന്ന് ഒ. അബ്ദുൽ റഹ് മാന്‍ ചോദിച്ചു. ബഹുരാഷ്ട്ര കുത്തകള്‍ക്കുവേസ്ഥി നടപ്പിലാക്കുന്ന സ്‌പെഷ്യല്‍ ഇകണോമിക് സോണില്‍ തൊഴില്‍ നിയമങ്ങള്‍ ബാധകമല്ല. തീരദേശ പാത, മലയോര പാത, തെക്കു വടക്കു പാത എന്നിവയുടെ നിര്‍മാണത്തില്‍ കുടിയിറക്കപ്പെടുന്ന ആയിരക്കണക്കിനു കുടുംബങ്ങള്‍ക്ക് എന്തു നീതിയാണ് ലഭിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. നിയമത്തിനും സ്വാതന്ത്ര്യത്തിനും പരിമിതികളും പഴുതുകളുമുണ്ട്. ഇവ പരിഹരിച്ചാലേ തുല്യ നീതി പുലരുകയുള്ളു. ജിഹാദ് എന്നത് ധര്‍മ്മ സമരമാണ്. പ്രണയം ഒരിക്കലും ധര്‍മസമരത്തിന്റെ ഭാഗമാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഡ്വ:എം.എം.അലിയാർ ‍(ജസ് റ്റീഷ്യ) വിഷയം അവതരിപ്പിച്ചു. ആര്‍ട്ടിക്കിൾ 32 പ്രകാരം ഭരണഘടന കോടതികള്‍ക്ക് റിട്ട് അധികാരം നല്‍കുന്നുണ്ട്. നിയമനിര്‍മാണ സഭയുടെ നിയമങ്ങളെ പോലും റദ്ദാക്കാനുള്ള അധികാരം ഇതിലൂടെ കോടതികള്‍ക്ക് ലഭിക്കുന്നു. ഭരണഘടനയുടെ ആമുഖം പൌരാവകാശങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ട്. പക്ഷെ പ്രയോഗരംഗത്ത് മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുകയണെന്ന് അദ്ദേഹം വിശദീകരിച്ചു. പി.യു.സി.എൽ‍. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എ.പൌരന്‍, വീക്ഷണം എക്‌സി. എഡിറ്റര്‍ ടി.വി.പുരം രാജു, അഡ്വ: മഞ്ചേരി സുന്ദർ രാജ്, എസ്.ഐ.ഒ. സംസ്ഥാന സെക്രട്ടറി ടി.ശാക്കിര്‍ എന്നിവര്‍ സംസാരിച്ചു. പി.കെ.റഹീം മോഡറേറ്ററായിരുന്നു. ഫസല്‍ കാതിക്കോട് സ്വാഗതവും അതീഖ് റഹ് മാന്‍ നന്ദിയും പറഞ്ഞു.

 

© www.dishaislamonline.net