..::കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ::...
 

ദിശക്ക് സമാപനം

November 9, 2009 | Thrissur Shakthan Thampuran Nagar

തൃശൂര്‍: ഡയലോഗ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ നഗറില്‍ നടന്ന ദിശ ഇസ്‌ലാമിക് എക്‌സിബിഷന്‍ സമാപിച്ചു. ഒമ്പത് ദിവസം നീണ്ട എക്‌സിബിഷന്‍ വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

സമാപന സമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ എം ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. മനുഷ്യര്‍ക്കിടയില്‍ മതിലുകളുണ്ടാക്കി തമ്മിലടിപ്പിക്കാനും വേര്‍തിരിക്കാനുമുള്ള ശ്രമങ്ങള്‍ ഇന്ന് സമൂഹത്തില്‍ നടന്ന് കൊണ്ടിരിക്കുന്നു. പരസ്പരം അറിയുന്നതിലൂടെയും ബഹുസ്വരതയെ ബലപ്പെടുത്തുന്നതിലൂടെയും ഭാരതം സുന്ദരമായ ഒരു പൂങ്കാവനമായിത്തീരുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി ഭാരത ജനത മൗലികമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ആശംസാ പ്രസംഗത്തില്‍ ഡോ: കെ കെ രാഹുലന്‍ അഭിപ്രായപ്പെട്ടു. മഹദ് ഗ്രന്ഥങ്ങളെ സൂക്ഷമമായി പഠിക്കാന്‍ ആരും തയ്യാറാകുന്നില്ല. ശ്രീനാരായണ ഗുരുവിന്റെ അനുയായികളും സംഘടനാ നേതാക്കളും ഇന്ന് മദ്യത്തിന്റെ പ്രചാരകരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ് ഐ ഒ സംസ്ഥാന പ്രസിഡണ്ട് പി.എം.സ്വാലിഹ്, അഡ്വ: ആര്‍.വി.സെയ്തു മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പി.അബ്ദുറഹ്മാന്‍ സമാപന പ്രഭാഷണം നിര്‍വ്വഹിച്ചു. എന്‍.എ.മുഹമ്മദ് സ്വാഗതവും ടി.കെ.അബ്ദുസ്സലാം നന്ദിയും പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി.മുഹമ്മദ് സക്കീര്‍, സ്വാഗത സംഘം അംഗങ്ങളായ ടി.എ മുഹമ്മദ് മൗലവി, എ.വി.ഹംസ, കെ.എസ്.അബ്ദുല്‍ മജീദ്, സി.കെ.ബി.വാളൂര്‍, പി.കെ.റഹീം എന്നിവര്‍സംബന്ധിച്ചു.


 
ഇന്ത്യയുടെ ചരിത്രം സാംസ്‌കാരിക സഹവര്‍ത്തിത്വത്തിന്റേത് – സെമിനാര്‍
November 8, 2009 | Thrissur Shakthan Thampuran Nagar

തൃശൂർ‍: ഇന്ത്യയുടെ ചരിത്രം സാംസ്‌കാരിക സഹവര്‍ത്തിത്വത്തിന്റേതാണെന്ന് ദിശ എക്‌സിബിഷനോടനുബന്ധിച്ച് സംഘടിപ്പിച്ച കലാ സാംസ്‌കാരിക ലോകത്തിന്റെ ഇസ്‌ലാം വായന എന്ന ചര്‍ച്ചാ സെമിനാര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ സാംസ്‌കാരിക ലോകത്ത് ഇസ്‌ലാമിനെ കുറിച്ച് വികലമായ മുന്‍ധാരണ നിലനില്‍ക്കുന്നുണ്ട്. ഇസ്‌ലാമിക അധ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏവരുമായും സാഹോദര്യ ബോധത്തോടെയും തുറന്ന മനസോടെയും ഇടപെടുകയാണ് ഇതിനെ അതിജീവിക്കാനുള്ള പോംവഴിയെന്ന് ചര്‍ച്ച ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ എം ഡി നാലപ്പാട് പറഞ്ഞു.

ഇന്ത്യന്‍ സിനിമയില്‍ ഖാന്‍മാര്‍ അടക്കി വാണുകൊണ്ടിരിക്കെത്തന്നെ മുസ്‌ലിം കഥാപാത്രങ്ങള്‍ വില്ലന്‍മാരാകുന്നു. ഇത് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ വളരെ ഒറ്റപ്പെട്ട സിനിമകളില്‍ മുസ്‌ലിം നായകനായാല്‍ ശക്തമായ എതിര്‍പ്പും ഉണ്ടാകുന്നു. ഓസ്‌കാര്‍ അവാര്‍ഡ് നേടിയ “സ്ലം ഡോഗ് മില്യണെയർ‍” എന്ന സിനിമയില്‍ മുസ്‌ലിം കഥാപാത്രം നായകനായതാണ് ആ സിനിമക്കെതിരെ എതിര്‍പ്പ് രൂക്ഷമാകാന്‍ ഒരു കാരണം. ഇസ്‌ലാമിനെ കുറിച്ച് കടുത്ത തെറ്റിദ്ധാരണ നിലനിൽക്കുന്നതുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. ഭിന്നത ഇല്ലാതാക്കാന്‍ സാമുദായിക ഐക്യം ബോധ പൂര്‍വ്വം ഊട്ടിയുറപ്പിക്കാന്‍ മുസ്‌ലിംകള്‍ തയ്യാറാകണം. മനുഷ്യര്‍ സഹോദരന്‍മാരാണെന്നും സമന്‍മാരാണെന്നുമുള്ള ഖുര്‍ആനിക അധ്യാപനം എല്ലാ ജനങ്ങളിലുമെത്തിക്കണം. ഇസ്‌ലാമികാദര്‍ശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി സാമൂഹിക ജീവിതം നയിക്കാനും ഇടപെടലുകള്‍ നടത്താനും മുസ്‌ലിംകള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കൊളോണിയല്‍ ശക്തികളാണ് ഇന്ത്യയുടെ ചരിത്രത്തെ ഹിന്ദു മുസ്‌ലിം സംഘട്ടനമായി വ്യാഖ്യാനിച്ചതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രമുഖ സാഹിത്യകാരന്‍ കെ. പി രാമനുണ്ണി അഭിപ്രായപ്പെട്ടു. മുസ്‌ലിംകളെ അപരന്‍മാരായി ചിത്രീകരിക്കുന്ന പ്രവണത കലാ സാംസ്‌കാരിക മേഖലകളില്‍ വർധിച്ചു വരികയാണ്. തീര്‍ത്തും കൊളൊണിയല്‍ വിരുദ്ധ സാഹിത്യകാരനായിരുന്ന സി വി രാമന്‍ പിള്ളയെ വെറും ഒരു നായര്‍ രാജഭക്തനായാണ് സാഹിത്യകാരന്‍മാര്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ ഇസ്‌ലാം വായനകള്‍ വോട്ട് ബാങ്ക് മാത്രം ലക്ഷ്യമാക്കിയുള്ളതാണെന്ന് പ്രമുഖ സാഹിത്യ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് അഭിപ്രായപ്പെട്ടു. ഇസ്‌ലാമിന്റെ ആദര്‍ശ പരതയും ജീവിത വീക്ഷണവും സാഹിത്യത്തില്‍ ആവിഷ്‌കരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി മുഹമ്മദ് വേളം വിഷയമവതരിപ്പിച്ചു. എന്‍ എം അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. വി എ മുഹമ്മദ് അഷ്‌റഫ്, ശൈഖ് മുഹമ്മദ് കാരക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു. എ വി ഹംസ സ്വാഗതവും പി എ വാഹിദ് നന്ദിയും പറഞ്ഞു.


മതവും പൊതുജീവിതവും വേര്‍പ്പെടുത്താനാവില്ല – ഫാദര്‍ റാഫേൽ തട്ടിൽ

November 7, 2009 | Thrissur Shakthan Thampuran Nagar

തൃശൂര്‍: മതവും പൊതുജീവിതവും വേര്‍പ്പെടുത്താനാവില്ലെന്നും ഈ കാഴ്ചപ്പാട് പലര്‍ക്കും അസഹനീയമാണെന്നും ദിശ ഇസ്‌ലാമിക് എക്‌സിബിഷന്റെ ഭാഗമായി മതം പൊതുജീവിതത്തില്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ തൃശൂര്‍ അതിരൂപത അഡ്മിനിസ്‌ട്രേറ്ററും വികാരി ജനറലുമായി ഫാദര്‍ റാഫേല്‍ തട്ടില്‍ അഭിപ്രായപ്പെട്ടു. മതജീവിതം പൊതുജീവിതമാണ്. മതം മനുഷ്യ സങ്കല്പമല്ല. പളളിക്കകത്ത് ഒതുങ്ങേണ്ടതുമല്ല മതം. അത് സമൂലമായി മനുഷ്യജീവിതത്തില്‍ ഇടപെടാനുളളതാണ്. വ്യക്തിജീവിതം മതദര്‍ശനങ്ങളുടെ തര്‍ജ്ജമയാകണമെന്നും അദ്ദേഹം പറഞ്ഞു. മതം കേവലമായ ആത്മീയ നിര്‍വൃതിക്കു വേണ്ടിയുളളതാണെന്നും അതിനപ്പുറം വിശാലമായ ലക്ഷ്യങ്ങള്‍ മതങ്ങള്‍ക്കില്ലായെന്നും പൗരോഹിത്യം വിശ്വസിക്കുകയും പ്രചരിച്ചുപോരുകയും ചെയ്ത കാലഘട്ടത്തിലാണ് പ്രവാചകന്‍മാര്‍ ബദല്‍ സംഹിതയുമായി നിലകൊണ്ടത്. അതിന് വിഗാധമായി നിന്ന അതത് കാലഘട്ടത്തിലെ ഭരണകൂടങ്ങളോടും സമ്പന്ന വര്‍ഗ്ഗങ്ങളോടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടേണ്ടതായും വന്നു എന്ന് അധ്യക്ഷത വഹിച്ചുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി കേന്ദ്രസമിതിയംഗം യൂസുഫ് ഉമരി പറഞ്ഞു. മത സംഹിതകള്‍ മദ്യത്തിനെതിരായി നിലകൊളളുമ്പോഴും സമൂഹം മദ്യത്തില്‍ ആറാടിക്കൊണ്ടിരിക്കുന്നു. മത സംഹിതകള്‍ പലികക്കെതിരായി നിലകൊളളുമ്പോള്‍ സമൂഹം പലിശയുടെ നീരാളിപ്പിടുത്തത്തില്‍ അകപ്പെടുന്നു. മതം വ്യക്തിജീവിതത്തില്‍ നിന്നും സാമൂഹിക ജീവിതത്തിലേക്ക് കടന്നുവരാത്തതു കൊണ്ടാണ് ഇത്തരത്തിലുളള വൈരുധ്യം നിലനില്‍ക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വര്‍ത്തമാന കാലഘട്ടത്തില്‍ പൊതുമണ്ഡലങ്ങള്‍ മതങ്ങള്‍ കൈയ്യടക്കിക്കൊണ്ടിരിക്കുന്നു എന്ന് മതേതര പണ്ഡിതന്മാര്‍ ആകുലപ്പെടുകയും വിമര്‍ശനപരമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ മതം പൊതുമണ്ഡലങ്ങളില്‍ നിന്ന് മാറി നില്‍ക്കുക എന്നത് മനുഷ്യ ചരിത്രത്തില്‍ വേരുകളില്ലാത്ത കാഴ്ചപ്പാടുകളാണ്. മനുഷ്യ ജീവിതത്തെ എല്ലാ കാലത്തും നിയന്ത്രിക്കുകയും പ്രത്യയശാസ്ത്ര അടിത്തറയായി നിലനിര്‍ത്തുകയും ചെയ്തത് മതങ്ങള്‍ തന്നെയാണ്. ഭാരതീയ സംസ്‌കാരത്തിന്റെ അടിത്തറയും ഇസ് ലാമിക സംസ്‌കാരത്തിന്റെ അടിത്തറയും മതങ്ങള്‍ തന്നെ ആയിരുന്നുവെന്ന് വിഷയമവതരിപ്പിച്ച സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി. ദാവൂദ് അഭിപ്രായപ്പെട്ടു. യുക്തി ചിന്തയുടെയും ശാസ്ത്രീയതയുടെയും ഉയര്‍ച്ചയില്‍ മതങ്ങള്‍ അപ്രത്യക്ഷമാകും എന്ന മതേതര ആധുനികതയുടെ കാഴ്ചപ്പാടുകള്‍ പ്രായോഗികമായും പ്രത്യയശാസ്ത്രപരമായും അസ്തമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പഴഞ്ഞി ചെറുതുരുത്തി ഗുരുപ്രഭാവ് ആശ്രമത്തിലെ ശ്രീമദ് സ്വാമി അവ്യയാനന്ദ, കെ. എന്‍. എം. സംസ്ഥാന കൗണ്‍സിലര്‍ അബ്ദുല്‍ ഹസീബ് മദനി, ഗ്രന്ഥകാരനും ഗവേഷണ വിദ്യാര്‍ഥിയുമായ ജീവന്‍ ജോബ് തോമസ്, ഡയലോഗ് സെന്റര്‍ സംസ്ഥാന ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് എന്നിവര്‍ സംസാരിച്ചു. പി. കെ. റഹീം സ്വാഗതവും ടി. വി. മുഹമ്മദാലി നന്ദിയും പറഞ്ഞു.


ഓപ്പൺ ഫോറം ശ്രദ്ദേയമായി

November 6, 2009 | Thrissur Shakthan Thampuran Nagar

തൃശൂർ: ദിശ ഇസ്‌ലാമിക് എക്‌സിബിഷന്റെ ഭാഗമായി ‘ഇസ്‌ലാം‘ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. ഇസ്‘ലാമിന്റെ വിവിധ വിഷയങ്ങളെക്കുറിച്ച് സദസില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്ക് പാനല്‍ മറുപടി നല്‍കി.

ഡയലോഗ് സെന്റര്‍ കേരള ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് വിഷയമവതരിപ്പിച്ചു. സമ്പൂര്‍ണ ജീവിതക്രമമാണ് ഇസ്‌ലാമെന്ന് അദ്ദേഹം പറഞ്ഞു. ഖുര്‍ആനും പ്രവാചക ചര്യയുമാണ് അതിന്റെ അടിസ്ഥാനം. ഭൂമിയിലെ ജീവിതം ക്ഷണികമാണെന്നും പരലോക ജീവിതമാണ് ശാശ്വതമെന്നും അത് പഠിപ്പിക്കുന്നു. വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും ഊന്നി സംസ്‌ക്കരണ പ്രക്രിയയിലൂടെ സാമൂഹ്യ വ്യവസ്ഥ കെട്ടിപ്പടുക്കുന്നു. രാഷ്ട്രീയ വ്യവസ്ഥ വരെ ഇസ്‌ലാം കാഴ്ചവെക്കുന്നു. ഇതെല്ലാം ഉള്‍പ്പെടുന്ന ആത്മീയ വ്യവസ്ഥയാണ് ഇസ്‌ലാമിന്റേത്. ഇസ്‌ലാമിലെ നിയമങ്ങള്‍ വിശ്വാസത്തിന്റെ ഭാഗമാണ്. അത് മനുഷ്യനെ നിയന്ത്രിക്കുന്നു. മനുഷ്യന്റെ ഉപഭോഗാസക്തിയെ വരെ നിയന്ത്രിച്ച് പ്രകൃതി സംരക്ഷണത്തിനടക്കം നിയമം ഏര്‍പ്പെടുത്തി. ഭൗതിക ദര്‍ശനങ്ങള്‍ക്ക് മനശ്ശാന്തി നല്‍കാനാവില്ല. ഈ ദര്‍ശനങ്ങള്‍ക്ക് ശാന്തി നല്‍കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ആധുനിക ചിന്തകരും സാഹിത്യകാരന്മാരുമായ
പലരും വിഷാദ രോഗികളായി മാറുമായിരുന്നില്ല. മനശ്ശാന്തി നല്‍കാന്‍ ആത്മീയ ദര്‍ശനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും മാത്രമേ കഴിയൂ. ഡയലോഗ് സെന്റര്‍ കേരള സെക്രട്ടറി എന്‍. എം. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ശൈഖ്മുഹമ്മദ് കാരക്കുന്ന്, ഇ. എം. അമീന്‍ എന്നിവര്‍ ചോദ്യങ്ങള്‍ മറുപടി നല്‍കി. സി. കെ. ബി. വാളൂര്‍ സ്വാഗതവും ബീരാന്‍കുട്ടി മൗലവി നന്ദിയും പറഞ്ഞു.

<<Previous Page | Next Page >>
 

© www.dishaislamonline.net