..::കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ::...
 

ദിശയിലേക്ക് വിരല്‍ചൂണ്ടി ദിശ

ശക്കീര്‍ മുല്ലക്കര

തൃശൂര്‍: 2009 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 8 വരെ തൃശൂര്‍ ശക്തന്‍നഗറില്‍ സംഘടിപ്പിച്ച 'ദിശ' ഇസ്ലാമിക് എക്സിബിഷന്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ്. അഭൂതപൂര്‍വമായ ജനത്തിരക്കാണ് ദിശയില്‍ അനുഭവപ്പെട്ടത്. പലരും എക്സിബിഷന്‍ കാണാനാവാതെ മടങ്ങുകയായിരുന്നു. സഹോദര സമുദായത്തില്‍പ്പെട്ടവരുടെയും സ്ത്രീകളുടെയും പങ്കാളിത്തം എക്സിബിഷനെ ശ്രദ്ധേയമാക്കി. സാമ്രാജ്യത്വ അധിനിവേശം, പലിശക്കെണി, ലഹരിദുരന്തങ്ങള്‍, വിദ്യാഭ്യാസം, മനുഷ്യാവകാശ ലംഘനങ്ങള്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍, സ്ത്രീ സമൂഹം, അഴിമതി, വിശ്വാസദര്‍ശനങ്ങള്‍, ഇസ്ലാമിക് ബാങ്കിംഗ് തുടങ്ങിയ 45-ഓളം സ്റാളുകള്‍ ഒരുക്കിയിരുന്നു. ചിത്രങ്ങള്‍, ചാര്‍ട്ടുകള്‍, വീഡിയോകള്‍, ചലന-നിശ്ചല മാതൃകകള്‍, മള്‍ട്ടിമീഡിയാ സങ്കേതങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് സംവിധാനിച്ച ആവിഷ്കാരങ്ങളായിരുന്നു എക്സിബിഷനിലുണ്ടായിരുന്നത്. ആശയവിനിമയത്തിനും ചര്‍ച്ചകള്‍ക്കും സൌകര്യമൊരുക്കിയിരുന്നു.
എല്ലാ ദിവസവും സായാഹ്നങ്ങളില്‍ സംവാദങ്ങളും സമ്മേളനങ്ങളും ചര്‍ച്ചകളും സംഘടിപ്പിച്ചിരുന്നു. മന്ത്രി കെ.പി രാജേന്ദ്രന്‍, ജസ്റിസ് പി.കെ ഷംസുദ്ദീന്‍, ടി. ആരിഫലി, ഒ. അബ്ദുര്‍റഹ്മാന്‍, പാര്‍വതി പവനന്‍, എം.ഡി നാലപ്പാട്ട്, ശൈഖ് മുഹമ്മദ് കാരകുന്ന്, കെ.പി രാമനുണ്ണി, ബാലചന്ദ്രന്‍ വടക്കേടത്ത്, ഡോ. കൂട്ടില്‍ മുഹമ്മദലി, തൃശൂര്‍ മേയര്‍ പ്രഫ. ആര്‍. ബിന്ദു, പി.സി ചാക്കോ എം.പി, തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ, അമ്പാടി വേണു, പുരുഷന്‍ കടലുണ്ടി, കെ.കെ കൊച്ചുമുഹമ്മദ്, ഐ.പി പോള്‍, അഡ്വ. എം.എം അലിയാര്‍, അഡ്വ. പി.എ പൌരന്‍, അഡ്വ. മഞ്ചേരി സുന്ദര്‍രാജ്, ടി.വി പുരം രാജു, പ്രഫ. എം.എം നാരായണന്‍, കെ.കെ കൊച്ച്, പി.ഐ നൌഷാദ്, റസിയ ചാലക്കല്‍, സിസ്റര്‍ ജെസ്മി, അഡ്വ. ആര്‍.കെ ആഇശ, ജി.കെ എടത്തനാട്ടുകര, യൂസുഫ് ഉമരി, സി. ദാവൂദ്, ശ്രീമദ് സ്വാമി അവ്യയാനന്ദ, റവ. ഫാദര്‍ റാഫേല്‍ തട്ടില്‍, അബ്ദുല്‍ ഹബീബ് മദനി, ഡോ. കെ.കെ രാഹുലന്‍, പി. അബ്ദുര്‍റഹ്മാന്‍, കെ.വി മുഹമ്മദ് സക്കീര്‍, എന്‍.എ മുഹമ്മദ്, എന്‍.എം അബ്ദുര്‍റഹ്മാന്‍, ഇ. മുഹമ്മദ് അമീന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
ദിശ കാണാനെത്തിയവര്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ ദിശയുടെ സ്വാധീനം വ്യക്തമാക്കുന്നതാണ്.
"ഭ്രൂണഹത്യയുടെ സ്റാളില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അട്ടഹസിക്കാന്‍ തോന്നി...... ദൈവമേ! ഈ തെറ്റ് ചെയ്യുന്ന മനുഷ്യരോട് പൊറുക്കണമേ എന്നല്ലാതെ എന്തു പറയാന്‍!''
"എക്സിബിഷന്‍ കണ്‍കുളിര്‍ക്കെ കണ്ടു. എന്റെ ചുറ്റിലുമുള്ളവരെ സ്വന്തം ചെലവില്‍ കൊണ്ടുവരും. ഇത് കാണാത്തത് വന്‍ നഷ്ടമായിരിക്കും; തീര്‍ച്ച. മാത്രമല്ല, ഇങ്ങനെയൊന്നുണ്ടായിട്ട് കാണാന്‍ അയല്‍വാസികള്‍ക്ക് സൌകര്യം ചെയ്തുകൊടുത്തില്ലെങ്കില്‍ ഞാന്‍ കുറ്റക്കാരനാകും.''
"മതവിദ്വേഷം വിതയ്ക്കുന്ന ഒന്നുംതന്നെ ദിശയുടെ പ്രദര്‍ശനത്തില്‍ കണ്ടില്ല. ഇതു തന്നെയാണ് മതസൌഹാര്‍ദത്തിനുള്ള സന്ദേശമെന്ന് ഞാന്‍ കരുതുന്നു'' - ഒരു റിട്ടയേര്‍ഡ് അധ്യാപകന്റെ കുറിപ്പ്.
"ദിശ കാണാനായി കുറഞ്ഞത് ഒരു മണിക്കൂര്‍ ചെലവഴിച്ചപ്പോള്‍ മനസ്സിന് എന്തെന്നില്ലാത്ത ഒരനുഭൂതി. മാനസിക വിഭ്രാന്തിയില്‍നിന്ന് അല്‍പം മോചനം കിട്ടി. സമാധാനമായി ഒരു ദിവസം ചെലവഴിക്കാന്‍ കഴിയുമെന്ന് ഉറപ്പായി'' കൊല്ലത്തുനിന്ന് തൃശൂരില്‍ കല്യാണത്തിനെത്തി അവിചാരിതമായി ദിശ കാണാനെത്തിയ ഒരു സുഹൃത്ത് കുറിക്കുന്നു.
സന്ദര്‍ശകരുമായി സംസാരിക്കാന്‍ നിയോഗിക്കപ്പെട്ട വളണ്ടിയര്‍മാര്‍ക്ക് ഒരുപാട് നല്ല ഓര്‍മകളാണ് ദിശ സമ്മാനിച്ചത്. സെന്റ് തോമസ് കോളേജിലെ രണ്ട് വിദ്യാര്‍ഥിനികള്‍, കച്ചവടവത്കരണത്തിന്റെ ലോകത്ത് ഇത്തരമൊരു എക്സിബിഷന്‍ സംഘടിപ്പിച്ചതിനെ മുക്തകണ്ഠം പ്രശംസിച്ചു. കൌണ്‍സലറെ തങ്ങളുടെ കോളേജിലേക്ക് ക്ളാസെടുക്കാന്‍ ക്ഷണിച്ചിട്ടാണ് അവര്‍ മടങ്ങിയത്. വൈക്കം സ്വദേശി മിത്രന്‍സാറിനെ ഏറ്റവും ആകര്‍ഷിച്ചത് മുഹമ്മദ് നബി(സ)യുടെ മഹനീയ മാതൃകകള്‍ വിവരിക്കുന്ന സ്റാളാണ്.
വളണ്ടിയര്‍മാരുടെ അര്‍പ്പണബോധം എടുത്തുപറയേണ്ടതാണ്. എക്സിബിഷനോടനുബന്ധിച്ച് ഒരു ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഡയലോഗ് സെന്റര്‍ കേരളയാണ് എക്സിബിഷന്‍ സംഘടിപ്പിച്ചത്.


 
 

© www.dishaislamonline.net