..::കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ::...
 

തലസ്ഥാനനഗരിയില്‍ ചരിത്രമെഴുതി 'ദിശ' എക്സിബിഷന്‍

എന്‍.എ.എം

തിരുവനന്തപുരം: ഇസ്ലാമിനെക്കുറിച്ച് അറിയാന്‍ അടങ്ങാത്ത ആകാംക്ഷയോടെ പതിനായിരങ്ങള്‍ ഒഴുകിയെത്തിയ 'ദിശ' ഇസ്ലാമിക് എക്സിബിഷന്‍ തലസ്ഥാനനഗരിയില്‍ ചരിത്രമെഴുതി. പുത്തരിക്കണ്ടം മൈതാനിയില്‍ ഡയലോഗ് സെന്റര്‍ കേരള സംഘടിപ്പിച്ച പ്രദര്‍ശനം ഇസ്ലാമികാദര്‍ശത്തിന്റെ വിസ്മയകരമായ ദൃശ്യാവിഷ്കാരമായിരുന്നു. കേട്ടുകേള്‍വിയുടെയും മുന്‍ധാരണകളുടെയും കരിമ്പടങ്ങള്‍ വകഞ്ഞുമാറ്റി വസ്തുതകളുടെ വെള്ളിവെളിച്ചത്തിലേക്ക് അനുവാചകരെ ആനയിക്കുന്ന കാഴ്ചകളാണ് പ്രദര്‍ശന നഗരിയില്‍ ഉണ്ടായിരുന്നത്. നവംബര്‍ രണ്ടു മുതല്‍ ഒമ്പതു വരെ നീണ്ട പ്രദര്‍ശനത്തോടനുബന്ധിച്ച് എല്ലാ ദിവസവും സാംസ്കാരിക പരിപാടികളും അരങ്ങേറി.
ഇസ്ലാമിക ദര്‍ശനത്തെ അതിന്റെ അടിസ്ഥാന സ്രോതസ്സുകളില്‍ നിന്ന് അവതരിപ്പിച്ച പ്രദര്‍ശനം സമകാലിക ലോകത്തിന്റെ പ്രശ്നങ്ങളോടും നിസ്സഹായനായ മനുഷ്യന്റെ വേദനകളോടുമുള്ള ഇസ്ലാമിന്റെ ഐക്യദാര്‍ഢ്യം ഉറക്കെ പ്രഖ്യാപിച്ചു. ആരാധനാ കര്‍മങ്ങളിലേക്ക് വെളിച്ചംവീശുന്ന സ്റാളുകള്‍ക്കൊപ്പം ആഗോളസാമ്പത്തിക പ്രതിസന്ധിയടക്കമുള്ള പ്രശ്നങ്ങള്‍ക്ക് ഇസ്ലാമികദര്‍ശനത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് പരിഹാരം നിര്‍ദേശിക്കുന്ന കാഴ്ചകളും ദിശയെ ശ്രദ്ധേയമാക്കി. മോഡലുകളും ഹോം തിയേറ്ററുകളും അടക്കമുള്ള ആധുനിക സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ദിശ ഒരുക്കിയത്. ഇസ്ലാമിനെ കുറിച്ച സംശയനിവാരണത്തിന് പ്രത്യേകം കൌണ്‍സലിംഗ് സെന്ററുകളും തുറന്നിരുന്നു. രാത്രി ഏറെ വൈകിയും ഈ സെന്ററുകളില്‍ സന്ദര്‍ശകരുടെ നിര കാണാമായിരുന്നു.
ലോകയുദ്ധങ്ങള്‍ മുതല്‍ ഇറാഖ് അധിനിവേശം വരെയുള്ള സാമ്രാജ്യത്വത്തിന്റെ കൊടുംക്രൂരതകള്‍ അക്കമിട്ടു നിരത്തുന്ന കാഴ്ചകളാണ് ആദ്യ സ്റാളുകളില്‍ ഒരുക്കിയിരുന്നത്. ഇറാഖും വിയറ്റ്നാമും മുതല്‍ മുത്തങ്ങ വരെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ ദൃശ്യങ്ങളിലൂടെയും മോഡലുകളിലൂടെയും അവതരിപ്പിച്ചത് മനസ്സില്‍ തട്ടുന്ന അനുഭവമായി. തലയോട്ടി കൂമ്പാരത്തിനു മേല്‍ ചിറകു വിടര്‍ത്തുന്ന കഴുകന്‍, ഗ്വാണ്ടനാമോ തടവറയുടെ നടുക്കുന്ന ദൃശ്യം........
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിലമര്‍ന്നവരുടെ ദുരന്തങ്ങള്‍ ചിത്രീകരിക്കുന്ന ഹൃദയഭേദകമായ ദൃശ്യങ്ങളും ഭ്രൂണഹത്യയുടെ ഞെട്ടിക്കുന്ന കാഴ്ചകളും ഹോംതിയേറ്ററില്‍ സജ്ജമാക്കിയിരുന്നു. ഖുര്‍ആനെ അടുത്തറിയാന്‍ സൌകര്യമൊരുക്കുന്ന നിരവധി സ്റാളുകള്‍ നഗരിയിലുണ്ടായിരുന്നു. ഇരുപതോളം വിദേശഭാഷകളിലെ ഖുര്‍ആന്‍ പരിഭാഷകള്‍, പത്തോളം ഇന്ത്യന്‍ ഭാഷകളിലെ ഖുര്‍ആന്‍ പരിഭാഷകള്‍, ഖുര്‍ആന്റെ അര്‍ഥവും നിരവധി സെര്‍ച്ച് ഓപ്ഷനുകളുമുള്ള കമ്പ്യൂട്ടര്‍ സോഫ്റ്റുവെയറുകള്‍, ലോകപ്രശസ്തരായ നിരവധി ഖുര്‍ആന്‍ പണ്ഡിതന്മാരുടെ പരിഭാഷകള്‍, ഒരു നൂറ്റാണ്ട് പഴക്കം വരുന്ന ഖുര്‍ആന്‍ പ്രതികള്‍, ഇഞ്ചുകള്‍ മാത്രം വലുപ്പമുള്ള ഖുര്‍ആന്‍, വളരെ വലുപ്പമുള്ള ഖുര്‍ആന്‍ പ്രതികള്‍ തുടങ്ങി ഖുര്‍ആനെ കുറിച്ച ഒട്ടേറെ കാഴ്ചകള്‍. പ്രവേശന കവാടത്തില്‍ ചിപ്പിക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന ഖുര്‍ആന്‍ പ്രതിയാണ് സന്ദര്‍ശകരെ സ്വീകരിച്ചത്.
പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും പ്രദര്‍ശനത്തില്‍ അര്‍ഹമായ പ്രാധാന്യം നല്‍കി. സൂനാമിയുടെയും വിവിധ പ്രദേശങ്ങളിലുണ്ടായ ഭൂകമ്പങ്ങളുടെയും ചിത്രങ്ങള്‍ ദുരന്തങ്ങളുടെ നേര്‍ക്കാഴ്ചയൊരുക്കി.
പ്രവാചകന്‍ മുഹമ്മദിന്റെ (സ) ജീവിതവും ദര്‍ശനവും അടുത്തറിയാന്‍ പ്രദര്‍ശനനഗരിയില്‍ നിരവധി അവസരങ്ങള്‍ ഒരുക്കി. പ്രവാചകനെ കുറിച്ച പുസ്തകങ്ങള്‍, അദ്ദേഹത്തെ കുറിച്ച് പ്രമുഖ ചിന്തകന്മാരുടെയും നേതാക്കളുടെയും അഭിപ്രായങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കിയിരുന്നു.
മസ്ജിദ്, നമസ്കാരം, ഹജ്ജ് എന്നിവ ചിത്രീകരിക്കുന്ന സ്റാളുകള്‍ നാനാജാതി മതസ്ഥരുടെ പ്രശംസ പിടിച്ചുപറ്റി. സ്റാളിലെ മസ്ജിദിനുള്ളില്‍ വീഡിയോ ദൃശ്യങ്ങളിലൂടെ നമസ്കാരം അടുത്തറിയാനും മസ്ജിദുല്‍ ഹറമിന്റെ മോഡലിലൂടെ വിശുദ്ധ ഹജ്ജിനെ പരിചയപ്പെടാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ടായി.
മരണത്തെ ഓര്‍മപ്പെടുത്താനായി ഒരുക്കിയ 'മരിക്കുന്ന മനുഷ്യന്‍' വേറിട്ട കാഴ്ചയായി. നാല്‍പതോളം സ്റാളുകളിലെ കാഴ്ചകള്‍ ഒരേ സമയം ചിന്തോദ്ദീപകവും വിസ്മയകരവുമായിരുന്നു. എല്ലാ ദിവസവും വൈകീട്ട് അരങ്ങേറിയ സാംസ്കാരിക പരിപാടികള്‍ സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ളവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
മന്ത്രി ബിനോയ് വിശ്വമാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. വിവിധ മതവിശ്വാസങ്ങള്‍ക്കിടയില്‍ അറിയാനും അറിയിക്കാനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
'ലോകസമ്പദ്ഘടന പ്രതിസന്ധിയും പരിഹാരവും' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ മന്ത്രി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തരിശുഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് അറിയിച്ച അദ്ദേഹം, 1400 വര്‍ഷം മുമ്പ് ഇസ്ലാം ഇക്കാര്യം കല്‍പ്പിച്ചിരുന്നത് സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ നിന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞതെന്നും പറഞ്ഞു.
സമാപനസമ്മേളനം മന്ത്രി മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിന്റെ ശബ്ദം ബോംബു സ്ഫോടനങ്ങളുടേതല്ല, തീവ്രവാദിയായ മകന്റെ മൃതദേഹം കാണേണ്ടെന്ന് പറഞ്ഞ മാതാപിതാക്കളുടേതാണെന്ന് അദ്ദേഹം പറഞ്ഞു.
'സാമൂഹിക സംവിധാനത്തില്‍ സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തില്‍ ചര്‍ച്ചയും മനുഷ്യാവകാശ സെമിനാറും സാംസ്കാരിക പരിപാടികളുടെ ഭാഗമായി നടന്നു. അധിനിവേശ വിരുദ്ധ കാവ്യ സന്ധ്യയും ഓപ്പണ്‍ ഫോറവും ഏറെ ശ്രദ്ധേയമായി.


 
 

© www.dishaislamonline.net